യാ സയ്യിദീ...

പാണക്കാട് തങ്ങൾ ഇനിയും വരും

രണ്ട് നൂറ്റാണ്ടോളമായി കേരള മുസ്‌ലിംകളുടെ ആത്മീയ നേതൃത്വ പദവിയുടെ അഭിധാനമാണു 'പാണക്കാട് തങ്ങൾ'. വെല്ലൂരിലേക്ക് നാടുകടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങളാണ് ഈ പദവിയിൽ കന്നിക്കാരൻ. മറ്റത്തൂർ ദർസു വിദ്യാർത്ഥിയായിരുന്ന ആറ്റക്കോയ തങ്ങളെ പിതാവ് സയ്യിദ് മുഹ്ളാർ തങ്ങൾ ചെറിയ ഒരു ചൂരൽ വടികൊടുത്തു വിട്ടയച്ചതാണ് പാണക്കാട്ടേക്ക്. മലപ്പുറത്തായിരുന്നു മുഹ്ളാർ തങ്ങൾ. പാണക്കാട് കുന്നത്തൊടിക വീട്ടിൽ അങ്ങിങ്ങായി മൃതപാണരായി വീണു കിടക്കുന്ന കുടുംബാംഗങ്ങളെ അടിച്ചെഴുന്നേൽപിക്കാനായിരുന്നു ഈ ചൂരൽവടി. ഇതു ശരീരത്തിൽ കൊണ്ടപ്പോൾ വീണു കിടക്കുന്നവരെല്ലാം സജീവരായി. ഇതിൽ സന്തോഷം പൂണ്ട വീട്ടുടമ സമ്മാനമായി ആറ്റക്കോയ തങ്ങൾക്കു നൽകിയതാണു കുന്നത്തൊടിക വീട്. ഇന്നു സയ്യിദ് ബശീറലി തങ്ങൾ താമസിക്കുന്ന ഈ വീട്ടിലാണു പാണക്കാട് പ്രഥമമായി ശിഹാബുദ്ദീൻ കുടുംബത്തിലെ ഒരു തങ്ങളെത്തുന്നത്.ഇവർ ആദ്യമായി പാണക്കാടു തങ്ങൾ എന്നു വിളിക്കപ്പെട്ടു.

അവർക്കു ശേഷം സയിദ് കുഞ്ഞിക്കോയ തങ്ങൾ, ശേഷം സയ്യിദ് അലി പൂക്കോയ തങ്ങൾ, ശേഷം വളർത്തു പുത്രൻ പി.എം.എസ്‌.എ. പൂക്കോയ തങ്ങൾ, അനന്തരം മൂന്നര ദശാബ്ദം സീമന്തപുത്രൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ശേഷം ഒരു ദശാബ്ദത്തിലേറെയായി സയ്യിദ് ഹൈദറലി ശിഹാബു തങ്ങളായിരുന്നു ഈ പദവിയിൽ. അവരാണു അല്ലാഹുവിൻ്റെ വിളിക്കുത്തരം നൽകി സഹോദരങ്ങളുടേയും പിതാവിൻ്റെയും പിതാമഹന്മാരുടേയും സന്നിധിയിലേക്കു നീങ്ങിയത്.

ബഹു: തങ്ങളുടെ മറ്റെല്ലാ പദവികളും ഇതിനുതാഴെയാണ്. അല്ലാഹു അവരുടെ ദറജ ഉയർത്തട്ടെ, പകരക്കാരനെ നൽകി കേരള മുസ്‌ലിംകൾക്ക് ആശ്വാസമേകട്ടെ. നമുക്കാശിക്കാം....

മൗലാനാ എ. നജീബ് മൗലവി (ജനറൽ സിക്രട്ടറി - കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ)

Post a Comment

0 Comments