തങ്ങളുടെ ഓർമ്മകൾ

തങ്ങൾ ഉള്ളിൽ തട്ടി പറഞ്ഞ ഒരു സംഭാഷണത്തിലെ നനവുള്ള ചില ഭാഗങ്ങൾ

🔹ബാപ്പ ജയിലിൽ പോകുമ്പോൾ എനിക്ക് ഒരു വയസ്സേ ആയിട്ടുള്ളു. ഉമ്മാക്ക് അസുഖമുള്ള സമയമാണ്. നല്ല മഴക്കാലം. കടലുണ്ടി പുഴ നിറഞ്ഞു കലങ്ങി ഒഴുകുകയാണ്. കൊടപ്പനക്കലെ തൊടിയിലൊക്കെ പുഴവെള്ളം കയറിയിട്ടുണ്ട്. സുബ്ഹിയുടെ നേരത്താണ് പൊലീസ് വണ്ടി വന്നത്. നിസ്കരിച്ചിട്ടുവരാമെന്ന് ബാപ്പ പൊലിസുകാരോട് പറഞ്ഞു. അവർക്ക് ചായകൊടുത്തു. മക്കളുണരും മുൻപെയാണ് ബാപ്പയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. നേരെ മലപ്പുറം പൊലീസ് സ്റ്റേഷനിലും പിന്നെ മഞ്ചേരി ജയിലിലും അവിടെ നിന്ന് കോഴിക്കോട് ജയിലിലും. 1948 ലെ ഹൈദരാബാദ് ആക്ഷന്റെ പേരിലായിരുന്നു അറസ്റ്റ്. ലീഗ് പിരിച്ചുവിട്ടാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിന് മരണപര്യന്തം തടവ് ശിക്ഷയുമായി നാടു കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെ പൗത്രനായ ബാപ്പ പക്ഷെ അതിനു തയ്യാറായില്ല. അനന്തമായ ജയിൽവാസം മനസ്സിലുറപ്പിച്ച് പോലീസ് വാഹനത്തിൽ കയറിപ്പോയി. ഇക്കാക്ക മുഹമ്മദലി ശിഹാബ് തങ്ങളാണ് ബാപ്പയെ ജയിലിൽ പോയി കണ്ടത്. കോഴിക്കോട് ജയിലിലെ സന്ദർശക ബെഞ്ചിൽ ബാപ്പയെ കാത്തിരുന്നത് ഇക്കാക്ക പറയാറുണ്ട്. ബാപ്പാക്കും സഹതടവുകാർക്കും കൊടുക്കാൻ ഉമ്മ തന്നയച്ച ഒരു പലഹാരപ്പൊതിയുമുണ്ടായിരുന്നു കയ്യിൽ. 🔹🔹🔹

🔹ഓർമവെച്ച കാലം മുതലേ ഉമ്മാക്ക് രോഗമായിരുന്നു. എന്നെ പരിപാലിക്കാനൊന്നും പറ്റിയ ആരോഗ്യ സ്ഥിതിയിലായിരുന്നില്ല. അതു കൊണ്ടായിരിക്കാം ചെറുപ്പം തൊട്ടേ ബാപ്പയുടെ അരികിലായത്. 1950 കാലത്ത് കോയമ്പത്തൂരിലെ ആസ്പത്രിയിൽ വെച്ചാണ് ഉമ്മയുടെ മരണം. മരിക്കുമ്പോഴും ബാപ്പ അരികത്തുണ്ട്. പക്ഷെ ഉമ്മ മരിച്ചതൊന്നും ഓർമ്മയിലില്ല. അതൊന്നും മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല. 🔹🔹🔹

🔹ഏറ്റവും കൂടുതൽ കാലം ബാപ്പയുടെ കൂടെ കിടന്നത് ഞാനാണ്. കുട്ടിയായിരുന്നപ്പോൾ മാത്രമല്ല മുതിർന്നിട്ടും അങ്ങനെതന്നെയായിരുന്നു. "ആറ്റേ... ആറ്റപ്പൂ " കുട്ടി എവിടെ എന്നു ചോദിച്ചുകൊണ്ട് ആ മെതിയടി ശബ്ദം അടുത്തടുത്തു വരുന്നത് ഉറങ്ങാൻ കൂടെകൂട്ടുന്നതിനുള്ള അറിയിപ്പായിരുന്നു. പരിപാടികൾക്കോ പള്ളിയിലേക്കോ പോയ ബാപ്പ വരുന്നതു വരെ അമ്മായിയുടെ കൂടെ കിടക്കും. മുതിർന്നിട്ടും ബാപ്പയുടെ അരികുപറ്റി ഉറങ്ങുന്നതായിരുന്നു പതിവ്. എന്നാലേ ഉറക്കം ശരിയാവൂ. അതൊരു ശീലമായിക്കഴിഞ്ഞിരുന്നു. കോഴിക്കോട് എം.എം ഹൈസ്കൂളിൽ ആറാം തരത്തിൽ ചേരുന്നത് വരെ കിടത്തം സ്ഥിരമായി ബാപ്പയോടൊപ്പം തന്നെ. ഉയർന്ന ക്ലാസുകളിലെത്തി അവധിക്ക് വരുമ്പോഴും അത് തുടർന്നു. പിൽക്കാലത്ത് ബാപ്പ പരിപാടികൾ കഴിഞ്ഞ് അർദ്ധ രാത്രിയോടെ വീട്ടിലെത്തുമ്പോൾ വാതിൽ തുറന്നുകൊടുക്കാറുള്ളതും ഞാൻ തന്നെയായി. ബാപ്പ മരിക്കും വരെ ആ ചുമതല നിറവേറ്റിപ്പോന്നു. 🔹🔹🔹

🔹പകൽ ചെറിയ ഇക്കാക്ക (ഉമറലി ശിഹാബ് തങ്ങൾ) യുടെ വിരലിൽ തൂങ്ങി നടക്കും. ഇടയ്ക്ക് വികൃതി കാണിച്ചു പിണങ്ങുമെങ്കിലും പിന്നെ തമാശ പറഞ്ഞ് തോളിലേറ്റി എല്ലായിടത്തും കൊണ്ടുപോകും. വലിയ ഇക്കാക്ക (മുഹമ്മദലി ശിഹാബ് തങ്ങൾ) കോഴിക്കോട് സ്കൂളിലും തുടർന്ന് ദർസിലും മറ്റുമായി എല്ലായ്പ്പോഴും ദൂരെയായിരിക്കും. ഇക്കാക്ക അവധിക്കു വീട്ടിൽ വരുന്ന ദിവസങ്ങൾ ആഘോഷമാണ്. പുറത്തു പോകുമ്പോൾ തലയെടുപ്പോടെ വലിയ ഇക്കാക്കയുണ്ടാകും മുന്നിൽ നടക്കാൻ. 🔹🔹🔹

🔹പൊന്നാനിയിൽ നിന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഫൈസി ബിരുദത്തിന് ചേരാൻ പോയത്. ഇന്റർവ്യൂ ദിവസം മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണ വരെ ബസ് കിട്ടി. മേലാറ്റൂർ റൂട്ടിൽ യാത്രക്കാരെ വിളിച്ചു കയറ്റുന്ന ഒരു ടാക്സിയിൽ കയറി ജാമിഅയുടെ മുന്നിലിറങ്ങി. കുമരം പുത്തൂർ മുഹമ്മദ് മുസ്ല്യാരായിരുന്നു ഇന്റർവ്യൂ നടത്തിയത്. ചോദ്യത്തിന് ഉത്തരം പറയുകയല്ലാതെ അവിടെ പ്രത്യേക ശുപാർശയൊന്നുമുണ്ടായിരുന്നില്ല. ഇന്റർവ്യൂ കഴിഞ്ഞാണ് ആരാണെന്നൊക്കെ വ്യക്തമായി ചോദിച്ചറിയുന്നത്. ജാമിഅയിൽ ചേരുമ്പോൾ അവിടെയും ചെറിയ ഇക്കാക്ക അവസാന വർഷ വിദ്യാർത്ഥിയായി ഉണ്ടായിരുന്നു. ഒരു വലിയ ലോകമായിരുന്നു ജാമിഅ. 🔹🔹🔹

🔹ദർസിൽ പഠിക്കുമ്പോൾ ഭക്ഷണത്തിന് പോയിരുന്ന വീട്ടിലെ ഉമ്മാക്ക് ഭയങ്കര സ്നേഹമായിരുന്നു. പൂക്കോയ തങ്ങളെ കുട്ടിക്ക് എന്ന് പറഞ്ഞു പലഹാരങ്ങളൊക്കെ ഉണ്ടാക്കി അവര് പള്ളിയിലേക്ക് കൊടുത്തയക്കും. ഞാനത് കൂട്ടുകാരുമായി പങ്കുവെക്കും. കാണാൻ പറ്റാതെ പോയ ഉമ്മയുടെ സ്നേഹം അവരിലൂടെ അനുഭവിച്ചിരുന്നു. 🔹🔹🔹

തങ്ങൾ ഉള്ളിൽ തട്ടി പറഞ്ഞ ഒരു സംഭാഷണത്തിലെ നനവുള്ള ചില ഭാഗങ്ങളാണ്. ഇത്ര വിസ്തൃതമായ തുറന്നു പറച്ചിലുകൾ ഉള്ള തങ്ങളുടെ മറ്റൊരു അഭിമുഖവും വേറെ വായിച്ചിട്ടില്ല. വായിച്ചിരിക്കേണ്ടതാണ് ഇത്.

കിഴക്കു വെളളകീറുമ്പോൾ തുടങ്ങി പാതിരാക്കോഴി കൂവുന്നത് വരെ ഉറങ്ങാതെ കാത്തിരുന്ന , ഒന്ന് കണ്ണടച്ചിരുന്ന് ഓർമ്മകൾ ചികയാൻ പോലും ഇടവേളയില്ലാതെ ഒരു ജനതയുടെ ഉത്ഥാനത്തിന് ആയുസ് മാറ്റിവെച്ച മനുഷ്യനാണ് യാത്ര പറഞ്ഞത്.

പാണക്കാട്ടെ ആ വട്ടമേശപ്പുറത്തെ ഡയറിയിലുണ്ട് മുസ്ലിം കൈരളിയുടെ നാൾവഴികളും ചരിത്രവും ശേഷിപ്പും....

Post a Comment

0 Comments