എല്ലാവരുടെയും നേതാവ്
സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ
നിലപാടുകളിൽ ഉറച്ചുനിന്ന് ജനങ്ങളെ ചേർത്തുനിർത്തിയ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. പഠനകാലം മുതൽ തന്നെയുള്ള ബന്ധമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായുള്ളത്. ജീവിതത്തിൽ കണിഷമായി സൂക്ഷ്മത കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയിലും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾക്ക് തങ്ങൾ മുൻഗണന നൽകി. ജനങ്ങളോടൊപ്പം നിലകൊള്ളാനാണ് തങ്ങൾ ആഗ്രഹിച്ചത്. തന്റെ പിതാവിന്റെ പാതയിൽ രാഷ്ട്രീയരംഗത്തു നേതൃതലത്തിൽ പ്രവർത്തിക്കുന്നതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ മതസംഘടനാ നേതൃനിരയിലും തങ്ങൾ നിലകൊണ്ടു. സമസ്തയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല തീരുമാനങ്ങൾക്കും തീർപ്പ് കൽപിക്കാൻ അദ്ദേഹം മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. ഏത് യോഗത്തിലെത്തിയാലും ക്രിയാത്മകമായി തങ്ങൾ ഇടപെടും. തനിക്ക് പറയാനുള്ള അഭിപ്രായം സൗമ്യമായി അവതരിപ്പിക്കും. എല്ലാ വിഷയങ്ങളിലും ഉറച്ച നിലപാടുകളുടെ ഉടമയായിരുന്നു തങ്ങൾ."
തന്റെ ജേഷ്ഠ സഹോദരങ്ങൾക്ക് ഇല്ലാത്ത ഭാരം സത്യത്തിൽ ഹൈദരലി തങ്ങൾക്ക് ഏൽക്കേണ്ടിവന്നിരുന്നു. മുസ്ലിം ലീഗിന്റെ നേതൃരംഗത്ത് നിലയുറപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ കാല ശേഷം ആ ഉത്തരവാദിത്വവും സമസ്തയുടെ നേതൃരംഗത്തെ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കാലശേഷം ആ ഉത്തരവാദിത്വവും ഹൈദരലി തങ്ങളുടെ ചുമലിലായി. സമസ്തയോടൊപ്പം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം ഉറച്ചുനിന്നു. സുന്നി വിശ്വാസാദർശങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളെല്ലാം.
സമസ്തയുടെ പ്രസിഡന്റായി എന്നെ നിയുക്തനാക്കുന്നതിൽ തങ്ങൾ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എനിക്ക് ബൈപ്പാസ് സർജറി കഴിഞ്ഞ് ബോധം വന്നപ്പോൾ ആദ്യം കണ്ടത് തങ്ങളുടെ മുഖമായിരുന്നു. സൗമ്യതയുടെ മെയ്‌വഴക്കത്തിൽ ഏതൊരുകാര്യവും കൈകാര്യം ചെയ്യുന്ന അതിബുദ്ധിമാനായ നയതന്ത്രജ്ഞൻ കൂടിയായിരുന്നു തങ്ങൾ. അതിസങ്കീർണമായ പലവിഷയങ്ങളും നിസാരമായി കൈകാര്യം ചെയ്യാനുള്ള തങ്ങളുടെ കഴിവ് അപാരമായിരുന്നു.
കേരളത്തിലെ നിരവധി മഹല്ലുകളിലെ ഖാസിയായിരുന്ന തങ്ങൾ. പല മഹല്ലുകളിലും വിഷയങ്ങളിൽ ഇടപെടാൻ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഞാൻ പലകാര്യങ്ങളിലും തീരുമാനം കൈകൊള്ളൽ തങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരുന്നു.
കേരളത്തിലെ മതസംഘടനയുടെയും മുസ്ലിം ലീഗിന്റെയും നേതൃരംഗത്ത് നിലകൊള്ളുന്നതോടൊപ്പം മറ്റുമതസ്ഥരുടെ പ്രീതി പിടിച്ചുപറ്റാൻ തങ്ങൾക്ക് സാധിച്ചു. നമ്മുടെ നാട്ടിലം സൗഹൃദാന്തരീക്ഷം നിലനിർത്താൻ തങ്ങളുടെ പലനിലപാടുകളും സഹായകമായിട്ടുണ്ട്. വിനയാന്വിതനായി, പുഞ്ചിരിയോടെ പ്രതിസന്ധികളെ അതിജീവിച്ച ആ സൗമ്യസാന്നിധ്യം ഇനിയില്ല. പക്ഷേ, ആ മഹാജീവിതം കാണിച്ച മാതൃക നമുക്ക് പുൽകാം… നാഥൻ പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ…
0 Comments