വസന്തം പെയ്തിറങ്ങുന്ന പുണ്യമാസം
ആമുഖം വ്രതശുദ്ധിയുടെ നിറവാര്‍ന്ന പകലുകള്‍. നിശയുടെ നിശ്ശബ്ദ യാമങ്ങള്‍ക്ക് തറാവീഹിന്‍റെ മന്ത്രധ്വനികള്‍ സജീവത പകരുന്നു. ഖുര്‍ആന്‍ പാരായണം, ദാന ധര്‍മ്മങ്ങള്‍, ഇഅ്തികാഫ് തുടങ്ങിയ സദ്കര്‍മ്മ നൈരന്തര്യങ്ങളുടെ വസന്തോത്സവം. പിന്നിട്ട് ജീവിത പാതയില്‍ കുമിഞ്ഞ് കൂടിയ പാപത്തിന്‍റെ മാലിന്യങ്ങളില്‍ നിന്ന് മുക്തി നേടാന്‍ മനം നൊന്ത് മാപ്പിനര്‍ഹിക്കുന്ന സത്യവിശ്വാസിയുടെ തേങ്ങല്‍.. എന്നോട് ചോദിക്കൂ.. ഞാന്‍ ഉത്തരം നല്‍കാം.. അല്ലാഹുവിന്‍റെ വാഗ്ദാനം.. അല്ലാഹുവിന്‍റെ സാന്ത്വനം.. ഇത് മാത്രമാണ് നമുക്ക് ആശ്വാസം പകരുന്നത്. അത് മാത്രമാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. ശുഭപ്രതീക്ഷയോടെ കഠിനധ്വാനനിരതരാവുക. പരിശുദ്ധരായി പരിവര്‍ത്തനപ്പെടാന്‍ കൈവന്ന സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക. അതിന് ഈ ഉപദേശങ്ങള്‍ സഹായകരമാവട്ടെ....റമളാന്‍ മുന്നൊരുക്കം വിശുദ്ധ റമദാന്‍ വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോള്‍ ഏതൊരു വിശ്വാസിയുടെയും മനസ്സില്‍ സന്തോഷം നിറയേണ്ടതാണ്. റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് ബറക്കത്ത് നല്‍കണമേ.. ഞങ്ങളെ നീ കാക്കണേ.. രണ്ടുമാസം മുമ്പ് നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പ്രവാചകന്‍ (സ) പഠിപ്പിച്ച പ്രാര്‍ത്ഥന റമളാനിലേക്ക് മുമ്പേ ഒരുങ്ങാനുള്ള പ്രേരണയാണ്. അതുകൊണ്ട് നമ്മള്‍ പ്രത്യേകം സജ്ജരാക്കണം. പക്ഷേ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് നമ്മുടെ സാഹചര്യങ്ങള്‍ അനുകൂലമല്ല. ഈ സമയം കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് ഗമിക്കാന്‍ ഒരു കൂട്ടായ ശ്രമം അനിവാര്യമാണ് ആദ്യം നമുക്ക് വേണ്ടത് ഉത്തരവാദിത്വബോധമാണ് . നബി(സ) തങ്ങള്‍ പറഞ്ഞു: നിങ്ങളോരോരുത്തരും ഭരണകര്‍ത്താവും തന്‍റെ ഭരണീയരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. അമീര്‍ ഭരണകര്‍ത്താവാണ്. പുരുഷന്‍ തന്‍റെ വീട്ടുകാരുടെ ഭരണകര്‍ത്താവാണ്. സ്ത്രീ ഭര്‍തൃഗൃഹത്തിന്‍റെയും സന്താനങ്ങളുടെയും ഭരണകര്‍ത്രിയാണ്. അപ്പോള്‍ നിങ്ങള്‍ ഓരോരുത്തരും തന്‍റെ ഭരണീയരെ കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. പ്രവാചകരുടെ ഈ പ്രഖ്യാപനം രക്ഷിതാക്കള്‍ ശ്രദ്ധിച്ചാല്‍ കുടുംബത്തിലെ അനാചാരങ്ങള്‍ക്കും അരുതായ്മകള്‍ക്കും പരിഹാരമാകും. സവിശേഷതകള്‍ മാനവതയുടെ മാര്‍ഗ്ഗദീപമായ പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച അനുഗ്രഹീത മാസം. അവതരണ രാത്രിക്ക് ആയിരം മാസങ്ങളേക്കാള്‍ പുണ്യമാസങ്ങളുടെ നിറവ്. തുടക്കം കാരുണ്യവും മധ്യം പാപമോചനവും ഒടുക്കം നരക വിമുക്തിയും ഉള്‍ക്കൊള്ളുന്ന ദിനരാത്രങ്ങള്‍. സ്വര്‍ഗ്ഗവാതായനങ്ങള്‍ തുറക്കപ്പെടുന്ന മാസം. നരക വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നു. ദുര്‍ബോധനം വഴി മനുഷ്യമനസ്സുകളെ വ്യതിചലിപ്പിക്കുന്ന സകല പിശാചുക്കളും ബന്ധനസ്ഥരാക്കപ്പെടുന്നു. നന്മ ആഗ്രഹിക്കന്നവര്‍ക്ക് മുന്നേറാനും തിന്മയുടെ ഉപാസകര്‍ക്ക് പിന്തിരിയാനുമുള്ള അവസരം. നബി(സ)തങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ അടിമകള്‍ പരിശുദ്ധ റമളാനിന്‍റെ മഹത്വം (പൂര്‍ണമായും) അറിഞ്ഞിരുന്നെങ്കില്‍ വര്‍ഷം മുഴുവനും റമളാന്‍ ആയിരുന്നെങ്കില്‍ എന്നവര്‍ ആശിക്കുമായിരുന്നു. സത്യവിശ്വാസി കൊതിക്കുന്നത് നരക മുക്തിയാണ്.. സ്വര്‍ഗ്ഗപ്രവേശനമാണ്. ഒരു റമളാന്‍ സമാഗതമായി വിടപറയുമ്പോള്‍ പാമ്പ് മാളത്തില്‍ കയറി തന്‍റെ വള ഉരിഞ്ഞ് പുറത്തിറങ്ങും പ്രകാരം അവന്‍റെ ആത്മാവ് ശുദ്ധീകരിക്കപ്പെടും എന്നാണ് തിരുവചനം. നബി(സ)പറയുന്നു: നന്മ ചെയ്യുന്നവര്‍ക്ക് അല്ലാഹു ഒരുക്കുന്ന വിരുന്നാണ് റമളാന്‍. മറ്റൊരു ഹദീസില്‍ നബി(സ)പറയുന്നു: അല്ലാഹു തന്‍റെ പുണ്യങ്ങള്‍ വാരിവിതറുന്ന ഒരുമാസം വന്നണഞ്ഞിരിക്കുന്നു. അല്ലാഹു കാരുണ്യം ചൊരിക്കുന്ന മാസം. ഈ മാസത്തില്‍ അല്ലാഹുവിന്‍റെ റഹ്മത്ത് തടയപ്പെട്ടവര്‍ പരാജയപ്പെട്ടവരായിരിക്കും. പിശാചിനും അവന്‍റെ കൂട്ടാളികള്‍ക്കും നിരാശയുടെ മാസമാണിത്. റമളാന്‍ സമാഗതമായാല്‍ ആകാശ കവാടങ്ങള്‍ തുറക്കപ്പെടും. നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടും. പിശാചുകളെ ചങ്ങലകളില്‍ ബന്ധിക്കപ്പെടും. റമളാനിലെ എല്ലാ ദിനങ്ങളിലും ചൊല്ലേണ്ടത് أَشْهَدُ أَنْ لَا إِلَهَ إِلاَّ الله، أَسْتَغْفِرُ الله، أَسْأَلُكَ الجَنَّةَ وَأَعُوذُبِكَ مِنَ النَّارِ ആദ്യത്തെ പത്തില്‍ ചൊല്ലേണ്ടത് اَللَّهُمَّ ارْحَمْنِي يَا اَرْحَمَ الرَّاحِمِين രണ്ടാമത്തെ പത്തില്‍ ചൊല്ലേണ്ടത് اَللَّهُمَّ اغْفِرْ لِي ذُنُوبِي يَارَبَّ العَالَمِين മൂന്നാമത്തെ പത്തില്‍ ചൊല്ലേണ്ടത് اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي أَللَّهُمَّ اعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الجَنَّةَ يَا رَبَّ الْعَالَمِين
0 Comments