ഇമാം ഇബ്നു ഹജർ ഹൈതമി(റ)

റജബ് 23 വെള്ളി ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ 469-ാം ആണ്ടു ദിനം.

ആണ്ടു ദിനത്തിൽ അവിടുത്തെ ലഘു ചരിത്രം വായിക്കാം.

ഹിജ്‌റ :909ല്‍ റജബ് മാസം ഈജിപ്തിലെ അബുല്‍ ഹൈതം എന്ന പ്രദേശത്താണ് ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദ് ഇബ്‌നു ബദ്‌റുദ്ദീന്‍ എന്ന ഇബ്‌നു ഹജറിന്റെ(റ)വിൻ്റെ ജനനം. അനാവശ്യമായ കാര്യങ്ങളില്‍ നിന്നും അകന്നു മൗനം ഉപാസനയായി സ്വീകരിച്ച പിതൃപരമ്പരയിലെ ഏതോ ഒരു കണ്ണിയുടെ അലങ്കാരമാണ് ‘ഇബ്‌നു ഹജര്‍’ എന്ന വിശേഷണ ലബ്ധി. അവരിലേക്ക് ചേർത്തി കൊണ്ടാണ് നമ്മുടെ കഥാനായകനെ ഇബ്നു ഹജർ(കല്ലിൻ്റെ മകൻ) എന്നു വിളിക്കപ്പെടുന്നത്. പല പ്രതിഭാശാലികളുടെയും പതിവ് നിയോഗം പോലെ ഇബ്നു ഹജർ(റ)വിൻ്റെ ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു. അങ്ങനെ ശൈഖ് ശംസുദ്ദീൻ (റ) ശൈഖ് സന്നാവി (റ) തുടങ്ങിയവരുടെ കീഴിലാണ് ഇബ്നു ഹജർ(റ) വളർന്നത്. അവരുടെ നിർദ്ദേശപ്രകാരം ശൈഖ് അഹ്മദുൽ ബദവി (റ) യിൽ നിന്നു വിദ്യ നുകർന്നു. പിന്നീട് ജാമിഉല്‍ അസ്ഹറിലെ അഗ്രകേസരികളായ അധ്യാപകരില്‍ നിന്ന് അറിവ് തേടി മഹാ പണ്ഡിതനായി .അതിനിടെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കി. ഇരുപത് വയസ്സാകും മുമ്പേ , ഗുരുനാഥന്മാരുടെ സമ്മതത്തോടെ ഫത് വ നൽകാൻ തുടങ്ങി. അങ്ങനെ ഇമാം നാല്‍പതാം വയസില്‍ പരിശുദ്ധ മക്കയിലേക്ക് പോയി. ശിഷ്ടകാലം മുഴുവന്‍ വിശുദ്ധ ഗേഹത്തിനു ചാരെ അധ്യാപനവും ഗ്രന്ഥ രചനകളുമായി ചെലവഴിച്ചു. സ്വൂഫി ലോകത്തെ നിറ വെളിച്ചമായിരുന്ന ഹാരിസുല്‍ മുഹാസിബീ(റ)(ഹി.243) സ്വപ്‌നത്തില്‍ വന്നു നിര്‍ദേശിച്ചതിന്റെ വെളിച്ചത്തിലാണ് ഇമാം ഗ്രന്ഥരചനക്ക് തുനിയുന്നത്. തന്റെ അമൂല്യ ഗ്രന്ഥങ്ങള്‍ പിന്‍തലമുറയ്ക്ക് വഴിവെട്ടമായി മാറുമെന്നതിനുള്ള സൂചനകള്‍ വേറെയും സ്വപ്‌ന ദര്‍ശനമായുണ്ടായിട്ടുണ്ട് (ഫതാവല്‍ കുബ്‌റായുടെ ആമുഖം , شذرات الذهب فى أخبارمن ذهب 10/542, നഫാഇസുദ്ദുറര്‍)

fatawa

പരിശുദ്ധ മക്കയിൽ

പരിശുദ്ധ മക്കയില്‍ നാലു പതിറ്റാണ്ടിലേറെ സ്ഥിരതാമസക്കാരനായതോടെ ഇമാമിന്റെ ശ്രുതി ലോകമാകെ പരന്നു.വിശുദ്ധ ദീനിന്റെ പ്രഭ പരന്ന നാടുകളിലെല്ലാം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും വ്യാപിച്ചു. പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കുമ്പോള്‍ ഇബ്‌നു ഹജർ(റ)വിനെ സമീപിച്ചവര്‍ക്ക് നിരാശപ്പെടേണ്ടിവന്നില്ല; ചോദിച്ചവര്‍ക്ക് ഗ്രന്ഥം തന്നെ മഹാനവർകൾ എഴുതി ക്കൊടുത്തു. യമനില്‍ വിവിധ തരം അനാചാരം വ്യാപകമായപ്പോള്‍ എഴുതിയ ഗ്രന്ഥമാണ് ‘തഹ്ദീറുസ്സിഖാത്’ കൈക്കൂലി പടര്‍ന്നു പിടിച്ചപ്പോള്‍ ഒരു കൈപുസ്തകം രചിച്ചു; ‘ഈളാഹുല്‍ അഹ്കാം…’, അധികാരികളുടെ അനീതിക്കെതിരെ ‘ജംറുല്‍ ഗളാ ലിമന്‍ തവല്ലല്‍ ഖളാ’ എന്ന ഗ്രന്ഥം രചിച്ചു. സംഗീതവും വിനോദോപകരണങ്ങളും അലങ്കാരമാക്കിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ‘കഫ്ഫുര്‍റആ’ഉം അറബി വംശജരോട് ചിലര്‍ക്ക് പുച്ഛം തോന്നിത്തുടങ്ങിയപ്പോള്‍ മബ്‌ലഗുല്‍ അര്‍ബും രചിച്ചു. തിരുനബിയുടെ(സ്വ)യുടെ നബിദിനാഘോഷവുമായി ബന്ധപ്പെട്ട് മൂന്നു മഹദ്ഗ്രന്ഥങ്ങളാണ് ഇബ്നു ഹജർ(റ) എഴുതിയത്. മൗലിദാഘോഷത്തിന്റെ പ്രാമാണികതയും തിരുജന്മനേരത്തുണ്ടായ അദ്ഭുതകഥകളും കേന്ദ്രപ്രമേയമായ ഉപര്യുക്ത ഗ്രന്ഥങ്ങളില്‍ ഏറ്റവും ഗഹനമായതില്‍ മൗലിദു ദിവസങ്ങളില്‍ നടന്നിരുന്ന ചില അനാചാരങ്ങള്‍ക്കെതിരായി ഒരു അധ്യായം തന്നെ എഴുതി. പുണ്യ കര്‍മങ്ങളുടെ നിറംകെടുത്തുന്ന അന്യസ്ത്രീ പുരുഷ സങ്കലനവും ദര്‍ശനവും, അന്യമതസ്ഥരുടെ ആചാരങ്ങളോടുള്ള താദാത്മ്യവും തുടങ്ങിയ അരുതായ്മകളെ പണ്ഡിതര്‍ പിഴുതെറിയേണ്ടതെങ്ങനെയെന്ന് ഇബ്‌നു ഹജര്‍ (റ) വരച്ചുകാണിക്കുകയായിരുന്നു. സത്യമതത്തിന്റെ അന്തസത്തയ്ക്ക് മങ്ങലേല്‍പിക്കാനുള്ള ഏതു ശ്രമവും എഴുതിത്തോല്‍പ്പിക്കാനുള്ള കഴിവ് ലോകശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും നല്ല മതഭക്തനും സൂക്ഷ്മത നിറഞ്ഞ ജീവിതത്തിനുടമയുമായിരുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയെ (വ.ഹി.962) അല്ലാമ ഇബ്‌നു ഹജര്‍ ( റ ) പുകഴ്ത്തിയതു കാണാം. ഇന്ത്യയില്‍ ഇസ്‌ലാമിലെ ചില പിഴച്ച കക്ഷികള്‍ വ്യാപകമായി മുആവിയയെ(റ) ചിത്രവധം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോള്‍ പരിഹാരമായി മികച്ചൊരു കൃതി വേണമെന്ന ഹുമയൂണ്‍ രാജാവിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയാണ് തന്റെ ‘തത്ഹീറുല്‍ ജിനാനി വല്ലിസാന്‍ അന്‍ ഥല്‍ബി മുആവിയതുബ്‌നി സുഫ്‌യാന്‍’ എന്ന ഗ്രന്ഥം. ഇക്കാര്യം ഇബ്‌നു ഹജര്‍ ഗ്രന്ഥത്തിന്റെ ആമുഖക്കുറിപ്പില്‍ (പു.30) പറയുന്നുണ്ട്.

മോഷണം

ഗ്രന്ഥമോഷണം, നശിപ്പിക്കല്‍ പരീക്ഷണ കാലം എന്നിവ പല പണ്ഡിതരുടേതുമെന്ന പോലെ ഇമാം ഇബ്‌നു ഹജർ(റ) വിനും അസൂയാലുക്കളിൽ നിന്നു നേരിടേണ്ടിവന്നിട്ടുണ്ട്. ഇബ്‌നുല്‍ മുഖ്‌രിയുടെ(റ) ‘റൗള്’ എന്ന ഗ്രന്ഥം സംഗ്രഹിച്ച് ഇബ്‌നു ഹജര്‍ (റ) ഹി. 934ല്‍ ഒരു ഗ്രന്ഥമെഴുതി. റൗളിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളും ഇമാം ഖമൂലി (റ)വിൻ്റെ ജവാഹിര്‍, അര്‍ദബീലി (റ)വിൻ്റെ യുടെ അന്‍വാര്‍, മിന്‍ഹാജിന്റെ ഒട്ടനവധി ശര്‍ഹുകള്‍ തുടങ്ങിയ ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയ മികച്ചൊരു ഗ്രന്ഥമാണിത്. ഹി.937 ല്‍ ഹജ്ജിനെത്തിയപ്പോള്‍ കൈയ്യില്‍ ആ കിതാബും കരുതിയിരുന്നു. ഹജ്ജിന് വന്നിട്ട് ഒരു വര്‍ഷം വിശുദ്ധ മക്കയില്‍ കഴിച്ചു കൂട്ടുന്നതിനിടയില്‍ ലഭിച്ച യമനിലെ ചില ഗ്രന്ഥങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി കൂടുതല്‍ ആശയ സമ്പന്നമാക്കി. ബുശ്‌റല്‍ കരീം എന്ന ആ അമൂല്യഗ്രന്ഥം ഏതോ വിജ്ഞാന ദാഹി കണ്ടു തല്‍പരനാവുകയും തിരിച്ചു ഈജിപ്തിലെത്തുമ്പോള്‍ പകര്‍പ്പെടുക്കാന്‍ സമ്മതം വാങ്ങുകയും വലിയ തുക സമ്മാനമായി വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതെല്ലാം നിരീക്ഷിച്ചറിഞ്ഞ ഒരു അസൂയാലു തക്കംപാര്‍ത്തിരുന്നു; യാത്ര കഴിഞ്ഞു ഈജിപ്തിലേക്കെത്തിയപ്പോള്‍ പറഞ്ഞുറപ്പിച്ച പോലെ പകര്‍പ്പെടുക്കാനായി ആ അമൂല്യ ഗ്രന്ഥം ഇമാം പുറത്തെടുത്തു വച്ചു. എന്നിട്ട് ഇമാം മറ്റെന്തോ കാര്യത്തിലേക്കു ശ്രദ്ധതിരിച്ച വേളയില്‍ പരമ ദുഷ്ടന്‍ നിമിഷനേരം കൊണ്ട് ആ ഗ്രന്ഥം നശിപ്പിച്ചു കളഞ്ഞു! (മുഖദ്ദിമതുഫതാവല്‍ കുബ്‌റാ ഹിജ്‌റാബ്ദം 953. ആര്‍ത്തവത്തിന്റെ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ സംബന്ധിച്ചു അമൂല്യമായൊരു ഗ്രന്ഥമെഴുതി, മറ്റൊരു കോപ്പി പോലും എടുക്കാന്‍ സാവകാശം തരാതെ അസൂയക്കാരനായൊരാള്‍ അത് മോഷ്ടിച്ചുകൊണ്ടു പോയി! (ഫതാവല്‍ കുബ്‌റാ 1/98 ) ഇമാം അബൂ ഹനീഫയെ(റ) ക്കുറിച്ച് ഹിജ്‌റാബ്ദം 953 ല്‍ വിശുദ്ധ മക്കയില്‍ വെച്ചു ഒരു കൃതി രചിക്കുകയുണ്ടായി. ഒരു സ്വൂഫിവര്യന്റെ നിര്‍ദേശപ്രകാരമായിരുന്നു രചന. കൈയ്യെഴുത്ത് പ്രതിയില്‍ നിന്നും ഒരു കോപ്പി പകര്‍ത്തി ആ മഹാനുഭാവന്‍ നാട്ടിലേക്ക് പോയി.കൈയ്യിലുണ്ടായിരുന്ന ഏക കോപ്പി ഒരു ഹനഫീ പണ്ഡിതന്‍ കോപ്പിയെടുക്കാനെന്നു പറഞ്ഞുവാങ്ങി തിരിച്ചു തരാതെ നാടുവിട്ടു! (അല്‍ ഖൈറാതുല്‍ ഹിസാന്‍ ആമുഖം പു.2,3 ) ഇവ്വിഷയകമായി ഇമാം മുഹമ്മദ് ശാമീയുടെ(റ) ഒരു ഗ്രന്ഥം കൈയ്യില്‍ കിട്ടിയപ്പോള്‍ സംഗ്രഹിച്ചതാണ് ‘ഖൈറാതുല്‍ ഹിസാന്‍’ എന്ന നിലവിലുള്ള ഗ്രന്ഥം

ഉസ്താദുമാര്‍

നാല്‍പതോളം പ്രഗത്ഭരായ ഉസ്താദുമാരില്‍ നിന്നായിരുന്നു ഇമാം ഇബ്നു ഹജർ(റ) അറിവു നുകര്‍ന്നത്. അവരില്‍ ഏറ്റവും പ്രഗത്ഭര്‍: 1- ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി (റ). 2- അബ്ദുല്‍ ഹഖ്ഖി ബ്‌നു മുഹമ്മദ് അസ്സുന്‍ബാത്വി (റ). 3- ശംസുദ്ദീനി ദ്ദലജി (റ). അറബീ സാഹിത്യ ശാഖകളാണ് ഇദ്ദേഹത്തില്‍ നിന്നു പഠിച്ചത്. 4- അബുല്‍ ഹസന്‍ അല്‍ ബക്‌രി (റ). 5 ശംസുദ്ദീന്‍ അല്‍ ഹത്വാബി (റ) ഇദ്ദേഹത്തില്‍ നിന്നാണ് ഇബ്‌നു ഹജര്‍ (റ) നഹ്‌വ്, സ്വര്‍ഫ് തുടങ്ങിയ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയത്

ശിഷ്യ ഗണങ്ങള്‍

നിരവധി ശിഷ്യ ഗണങ്ങള്‍ മഹാനര്‍ക്കുണ്ടായിരുന്നു. അവരില്‍ പ്രഗത്ഭര്‍: 1- അബ്ദുല്‍ ഖാദിര്‍ അല്‍ ഫാകിഹി (റ). ‘ഫളാഇലു ഇബ്‌നി ഹജര്‍’ എന്ന ഒരു ഗ്രന്ഥം ഇദ്ദേഹം എഴുതിയിട്ടുണ്ട്. 2- അബ്ദുര്‍റഊഫ് അല്‍ വാഇള് (റ). 3- മുഹമ്മദ് ത്വാഹിര്‍ അല്‍ ഹിന്ദി (റ). ‘മജ്മഉ ബിഹാരില്‍ അന്‍വാര്‍’ എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ഇദ്ദേഹം. 4- അഹ്മദുബ്‌നു ഖാസിം അല്‍ അബ്ബാദി (റ). 5- സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ (റ). ശാഫിഈ കര്‍മ ശാസ്ത്രത്തിലെ വിഖ്യാത ഗ്രന്ഥമായ ‘ഫത്ഹുല്‍മുഈന്‍’ ന്റെ കര്‍ത്താവാണ്

ഗ്രന്ഥങ്ങള്‍

ഹദീസ്, ഫിഖ്ഹ്, അഖീദ, സ്വഭാവ സംസ്‌കരണം, നഹ്‌വ്, നബി ചരിതം, ചരിത്രം തുടങ്ങി നിരവധി ശാഖകളിലായി 120-പരം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ചിലത് വിവരിക്കാം

ഹദീസ്

1- അല്‍ ഫത്ഹുല്‍ മുബീന്‍ ഫീ ശര്‍ഹില്‍ അര്‍ബഈന്‍- ഇമാം നവവി(റ)യുടെ ‘അല്‍ അര്‍ബഊന്‍’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത് 2- അശ്‌റഫുല്‍ വസാഇല്‍ ഇലാ ഫഹ്മിശ്ശമാഇല്‍- ശമാഇലുത്തുര്‍മുദിയുടെ വ്യാഖ്യാനം. 3- ഫത്ഹുല്‍ ഇലാഹ് ബി ശര്‍ഹില്‍ മിശ്കാത്ത്- മിശ്കാത്തുല്‍ മസ്വാബീഹിന്റെ വ്യാഖ്യാനം. 4- അല്‍ ഫതാവല്‍ ഹദീസിയ്യ. 5- അല്‍ ഇഫ്‌സ്വാഹ് അന്‍ അഹാദീസിന്നികാഹ്.

ഫിഖ്ഹ്

6- അല്‍ ഇംദാദ് ഫീ ശര്‍ഹില്‍ ഇര്‍ശാദ്. 7- ഫത്ഹുല്‍ ജവാദ്. 8- തുഹ്ഫത്തുല്‍ മുഹ്ത്താജ് ബി ശര്‍ഹില്‍ മിന്‍ഹാജ്. ശാഫിഈ കര്‍മ ശാസ്ത്രത്തിലെ പ്രസിദ്ധമായ ഈ ഗ്രന്ഥം ഹി. 958 ല്‍ തന്റെ 49-ാം വയസ്സിലാണ് രചിച്ചത്. പത്ത് വാള്യമുള്ള ഈ കൃതി പതിനൊന്ന് മാസം കൊണ്ടാണ് എഴുതിയത്. ഹി. 958 മുഹര്‍റം 12 നു തുടങ്ങി 958 ദുല്‍ ഖിഅ്ദ 27 നു പൂര്‍ത്തീകരിച്ചു. 9- അല്‍ ഈആബ് ഫീ ശര്‍ഹില്‍ ഉബാബ്. ഹി. 930 ല്‍ വഫാത്തായ ഖാദീ സ്വഫിയുദ്ദീന്‍ അബുസ്സുറൂര്‍ അഹ്മദുബ്‌നു ഉമറബ്‌നി മുഹമ്മദ് അല്‍ മുസജ്ജദ് എന്നവരുടെ ‘അല്‍ ഉബാബ്’ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്. 10- ശര്‍ഹു ബാഫദ്ല്‍. 11- അല്‍ ഫതാവല്‍ കുബ്‌റാ.

വിശ്വാസം, സ്വഭാവ സംസ്‌കരണം

12 - അസ്സവാജിര്‍ അന്‍ ഇഖ്തിറാഫില്‍ കബാഇര്‍. വന്‍ ദോഷങ്ങളാണ് ഇതിലെ പ്രതിപാദ്യം. 13- അല്‍ ഇഅ്‌ലാം ബി ഖവാത്വിഇല്‍ ഇസ്‌ലാം. 14- കഫ്ഫുര്‍റആഅ് അന്‍ മുഹര്‍റമാത്തില്ലഹ്‌വി വസ്സമാഅ്. വിനോദോപകരണങ്ങളുടെ ഇസ്‌ലാമിക മാനമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. 15 - അല്‍ ജൗഹറുല്‍ മുനള്ളം ഫീ സിയാറത്തില്‍ ഖബ്‌റില്‍ മുകര്‍റം. 16- അസ്സ്വവാഇഖുല്‍ മുഹ്‌രിഖ.

മദ്ഹുന്നബീ

17 - അൽ ഉംദ: ശർഹുൽ ബുർദ : 18- ഇത്മാമുനിഅമ ത്തിൽ കുബ്റ 19 - അന്നിഅമത്തുൽ കുബ്റ 20- മൗലിദുനബീ

അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും അതിന് എതിരെ വരുന്നവരെ ശക്തമായ ഭാഷയില്‍ എതിര്‍ക്കാനും ഇബ്നു ഹജർ(റ) മുൻപന്തിയിലുണ്ടായിരുന്നു. ബിദ്അത്തിനു തുടക്കം കുറിച്ച ഇബ്‌നു തീമിയ്യ:യുടെ തനിനിറം തുറന്നു കാട്ടുകയും അയാളുടെ പുത്തൻ വാദം ഓരോന്നും എടുത്തുകാട്ടി ഉരുളയ്ക്കുപ്പേരി എന്ന നിലയിൽ അതിനു മുഴുവനും വായടപ്പൻ മറുപടി നൽകുകയും ചെയ്ത സുന്നി ആദർശ നായകനാണ് ഇമാം ഇബ്നു ഹജർ ഹൈതമി(റ) . ഇബ്നു തീമിയ്യ: യോട് ആദർശപരമായ വെറുപ്പും അറപ്പും സജ്ജനങ്ങളുടെ മനസ്സിൽ ഉണ്ടാക്കി തന്നതിലുള്ള വലിയ പങ്ക് വഹിച്ച പണ്ഡിതനാണ് ഇബ്നു ഹജർ(റ) . തൗഹീദ്, ബിദ്അത്ത്, തവസ്സുല്‍, ഇസ്തിഗാസ , ഖബ്ർ സിയാറത്ത് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ ഇബ്നു തീമിയ്യ: ക്ക് സംഭവിച്ച ഗുരുതരമായ തെറ്റുകൾ സമൂഹത്തിനു നെല്ലും പതിരും വേര്‍തിരിച്ചു മനസ്സിലാക്കിത്തരുന്നതില്‍ നമ്മുടെ കഥാനായകൻ്റെ ഗ്രന്ഥങ്ങള്‍ നിസ്സീമമായ പങ്കു വഹിച്ചിട്ടുണ്ട്. അൽ ഫതാവൽ ഹദീസിയ്യ അതിനു മികച്ച ഉദാഹരണമാണ്. ഇമാം ഇബ്നു ഹജർ(റ)വിനെക്കുറിച്ച് സമകാലികരായ ഇമാം ശഅറാനീ (റ) പറയുന്നു: നാലു പതിനാണ്ടുകാലം ഞാൻ അദ്ദേഹവുമായി സഹവസിച്ചിട്ടുണ്ട്. മതവിജ്ഞാനവും മറ്റു ഇബാദത്തും വിട്ടു മറ്റൊരു കാര്യത്തിൽ അദ്ദേഹം ഏർപ്പെട്ടത് ഞാൻ കണ്ടിട്ടില്ല. വിവിധ വിഷയങ്ങളിലായി ഉപകാരപ്രദമായ നിരവധിഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങളിലെ ജനങ്ങൾ അതു കൊണ്ട് ഉപകാരമെടുക്കുകയും ചെയ്തു. ആധികാരിക മുഫ്തിയാണദ്ദേഹം. അവസാന വാക്കായിട്ടാണ് ജനങ്ങൾ അദ്ദേഹത്തെ കാണുന്നത്. അദേഹത്തിൻ്റെ മഹത്തായ സേവനങ്ങൾ അസൂയ മനസ്സില്ലാത്ത ഏവർ ക്കും ബോധ്യപ്പെടും. ചെറുപ്പം മുതൽ ഇക്കാലം വരെ ഭൗതിക കാര്യങ്ങൾ അദ്ദേഹം മോനിച്ചിട്ടില്ല. മതപരമായ കാര്യങ്ങൾ സംസാരിക്കാൻ രാജാക്കൻമാരെ കാണാൻ അദ്ദേഹം മടി കാണിക്കൂല. അത്തരം കാര്യങ്ങൾക്കേ രാജാക്കന്മാരെ സന്ദർശിക്കുകയുള്ളൂ. അല്ലാഹു അദ്ദേഹത്തിനു കൂടുതൽ ഔദാര്യം ചൊരിയുകയും അദ്ദേഹത്തിൻ്റെ ബറകത്ത് കൊണ്ട് അല്ലാഹു നമുക്ക് ഉപകാരം ചൊരിയുകയും ചെയ്യട്ടെ.(ത്വബഖാത്ത്) ശിഷ്യൻ സയ്യിദ് ശെയ്ഖ് ബ്നു അബ്ദില്ലാഹ് (റ) എന്നവരോട് ഗുരുവായ ഇമാം ഇബ്‌നു ഹജർ (റ) ദുആ ചെയ്യാൻ പറഞ്ഞത് അല്ലാമ: അൽ ഹബീബ് മുഹമ്മദ് അൽ യമനീ (റ) വിവരിച്ചുതന്നിട്ടുണ്ട്. മഹാപണ്ഡിതൻ്റെ തഖ് വയും നബികുടുംബത്തോടുള്ള പ്രേമവും വിനയവുമാണതിൽ പ്രകടമാകുന്നത്. താങ്കൾ തിരുനബി(സ്വ)യുടെ ഹള്റത്തിലെത്തുമ്പോൾ എൻ്റെ സലാം മുത്തു നബിക്ക് പറയണമെന്നും എൻ്റെ മൂലക്കുരു രോഗം സുഖമാവാനും രചനകൾ അല്ലാഹു സ്വീകരിക്കാനും പ്രത്യേക പ്രാർത്ഥന നടത്തണമെന്നും ഇബ്നു ഹജർ(റ) ശിഷ്യനെ ഓർമപ്പെടുത്തി. ശിഷ്യൻ പ്രാർത്ഥിച്ചു. ഉത്തരം ലഭിച്ചതായി ഏവർക്കും ബോധ്യമാവുകയും ചെയ്തു. (അൽ മശ് റൂഉർറവിയ്യ് :2/120)

വിവാഹം

ഇമാം ഇബ്നു ഹജർ മുപ്പത്തിമൂന്നാം വയസ്സിലാണ് വിവാഹം കഴിച്ചത്. തൻ്റെ ഗുരു ശൈഖ് ശംസുദ്ദീൻ സനാവീ (റ)വിൻ്റെ നിർദ്ദേശപ്രകാരമായിരുന്നത്. ഗുരുവിൻ്റെ സഹോദരി പുത്രിയെ (ഇമാമിൻ്റെ പിതൃവ്യപുത്രിയെ) യാണ് ഇണയായി സ്വീകരിച്ചത് . ആ ദാമ്പത്യ ജീവിതത്തിൽ രണ്ടു ആണും രണ്ടു പെണ്ണുമായി നാലു മക്കളുണ്ടായി. മുഹമ്മദ് , അബ്ദുർ റഹ്മാൻ എന്നിവയാണ് ആൺമക്കളുടെ പേരുകൾ. ഇമാമിൻ്റെ പ്രധാന ഗുരുവായ ശൈഖ് സകരിയ്യൽ അൻസാരി (റ) പലപ്പോഴും ശിഷ്യനു വേണ്ടി പ്രാർത്ഥിച്ചത് - നാഥാ , നീ അദ്ദേഹത്തെ ഒരു പണ്ഡിതനാക്കണേ - എന്നായിരുന്നു. അതു അല്ലാഹു സ്വീകരിച്ചുവെന്നതിനു ലോകം തെളിവാണ്. കർമശാസ്ത്രത്തിൻ്റെ പ്ലാറ്റ്ഫോമിൽ നിന്നു കൊണ്ടു തന്നെ സൂഫിയാക്കളുടെ പ്രത്യേക അവസ്ഥയിൽ ഉണ്ടാകുന്ന പദങ്ങൾ വ്യാഖ്യാനിച്ചു നന്നാക്കുന്ന ശൈലി ഇബ്നുഹജർ(റ)വിൻ്റെ ഫിഖ്ഹിനു വലിയ തിളക്കമായി.

പരീക്ഷണം

പ്രഗത്ഭമതികളായ പലരെയും പോലെ ഇമാം അവർണനീയമായ പരീക്ഷണങ്ങൾക്ക് വിധേയമായി. അല്ലാഹുവിങ്കൽ തനിക്ക് കൂടുതൽ പ്രതിഫലം ലഭിക്കാൻ അവൻ നൽകുന്ന പരീക്ഷണമാണിതെന്നു മനസ്സിലാക്കി സംതൃപ്ത മനസ്സോടെ എല്ലാം ഇമാം സ്വീകരിച്ചു. ശക്തമായ അർസ്സസ് രോഗവും മൂത്രക്കല്ലിൻ്റെ ബുദ്ധിമുട്ടും കൊണ്ട് കഠിനമായ വേദനയാണ് ഇമാം അനുഭവിച്ചത്. ശാരീരിക വേദനയ്ക്കു പുറമെ മാനസിക പ്രയാസമുണ്ടാക്കുന്ന വിഷമകരമായ ഈ രോഗത്തിലൂടെയാണ് അല്ലാഹു ഇമാമിനെ പരീക്ഷിച്ചത്. പതിനായിരക്കണക്കിനു മഹാ പണ്ഡിതരും പ്രശസ്ത നേതാക്കളുമെല്ലാം നിരന്തരം സമീപിച്ചുകൊണ്ടിരിക്കുന്ന തിരക്കു പിടിച്ച ഘട്ടങ്ങളിലെല്ലാം രോഗം നിമിത്തം അവരെ അഭിമുഖീകരിക്കാൻ ഇമാം ഏറെ പ്രയാസപ്പെട്ടു. എന്നിട്ടു അല്ലാഹുവിൻ്റെ വിധിയുടെ മുമ്പിൽ പതറാതെ തൻ്റെ വൈജ്ഞാനിക സേവനം അനവരതം തുടരുകയായിരുന്നു ഇമാം ഇബ്നു ഹജർ(റ) . ഇബ്നു ഹജർ (റ) വിന്റെ ജീവചരിത്രം പരാമർശിക്കപ്പെട്ട രചനകൾ ധാരാളമാണ്. നഫാഇസുദ്ദുറർ ഫീ തർജിമത്തി ശൈഖിൽ ഇസ് ലാം ഇബ്നി ഹജർ(റ) എന്ന ഗ്രന്ഥം അതിൽ പ്രധാനമാണ്. മഹാനവർകളുടെ ശിഷ്യനും കർമശാസ്ത്ര പണ്ഡിതരുമായ അൽ ഖ്വാളീ അബൂ ബക്ർ ബ്നു മുഹമ്മദ് അസ്സൈഫീ (റ) വാണ് ഇതിന്റെ രചയിതാവ്. ജവാഹിറുദുറർ ഫീ മനാഖിബി ഇബ്നി ഹജർ മറ്റൊരു ഗ്രന്ഥമാണ്. മറ്റൊരു ശിഷ്യൻ അല്ലാമ: അബൂബക്ർ അശ്ശാഫിഈ (റ) വാണിത് രചിച്ചത്. ഇബ്നു ഹജർ(റ) രചിച്ച ' അശ്റഫുൽ വസാഇൽ ഇലാ ഫഹ് മിൽ മസാഇൽ' എന്ന ഗ്രന്ഥത്തിൻ്റെ തുടക്കത്തിൽ ഈ രചന ചേർത്തി കൊണ്ട് പ്രിൻറ് ചെയ്തിട്ടുണ്ട്. ഇമാം സഖാവി (റ) വിനു ഉസ്താദായ ഇമാം അൽ ഹാഫിള് ഇബ്നുഹജർ അൽ അസ്ഖ്വലാനി (റ) യുടെ ജീവ ചരിത്രം വിവരിക്കുന്ന ' അൽ ജവാഹിർ വദ്ദുറർ ഫീ തർജമത്തി ശൈഖിൽ ഇസ് ലാം ഇബ്നുഹജർ(റ) എന്ന ഒരു ഗ്രന്ഥമുണ്ട്. ഗ്രന്ഥത്തിൻ്റെയും ഇമാമിൻ്റെയും പേരിലുള്ള സാമ്യത അവ്യക്തതയ്ക്ക് കാരണമാവരുത്. ഇബ്നു ഹജർ(റ)വിൻ്റെ ' അൽ ഫതാവൽ കുബ്റ ' യുടെ ആമുഖം. (ഒന്നാം വാള്യം പേജ് മൂന്ന് മുതൽ അഞ്ച് വരെ.) ശിഷ്യന്മാർ ഗുരുവിനെ കുറിച്ചു വിവരിച്ചത് നമുക്ക് വലിയ അനുഗ്രഹമായി.

അന്ത്യനാളുങ്ങൾ

അറര പതിറ്റാണ്ട് കാലം ഇസ് ലാമിക സംരക്ഷണത്തിന് ജീവിതം സമർപ്പിച്ച ഇമാം ഹിജ്‌റ വർഷം 974 ൽ റജബ് 23 തിങ്കളാഴ്ച മക്കയിൽ വെച്ച് വഫാതായി. അപ്പോൾ 65 വയസ്സായിരുന്നു.മരണത്തിൻ്റെ മുമ്പ് ഇരുപത് ദിവസം രോഗത്തിൽ കിടന്ന സമയത്ത് മാത്രമാണ് ദർസു മടങ്ങിയത്. മരണം കാലേകൂട്ടി അറിഞ്ഞതുപോലെ മരണത്തിൻ്റെ രണ്ടു ദിവസം മുമ്പ് ഇമാം ഉദ്ദേശിച്ച കാര്യങ്ങൾ വസ്വിയ്യത്ത് ചെയ്തു. ഇമാമിൻ്റ മരണവാർത്ത ജനലക്ഷങ്ങളെ ദു:ഖത്തിലാഴ്ത്തി. പലരും നെടുവീർപ്പിട്ടു. മരണ വാർത്ത അറിഞ്ഞ ലക്ഷങ്ങൾ വീട്ടിലേക്കൊഴുകി. ജനാസ ചുമന്നു ബറകത്തെടുക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ചെരുപ്പ് നഷ്ടപ്പെട്ടു. നിരവധി സ്വഹാബത്ത് അന്ത്യവിശ്രമം കൊള്ളുന്ന ജന്നതുൽ മുഅല്ലയിൽ അബ്ദുല്ലാഹിബ് നു സുബൈർ (റ)വിൻ്റെ ഖബ്റിൻ്റെ ചാരത്തു മറവ് ചെയ്തു.

Post a Comment

0 Comments